All Topics

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി

ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍’ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി.

ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അംഗങ്ങളായ അഞ്ചംഗ ബെഞ്ചില്‍ നാലു പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. ഇന്ദു മല്‍ഹോത്ര മാത്രമാണ് ഭൂരിപക്ഷ വിധിയോട് വിയോജിച്ചിരിക്കുന്നത്. മതവുമായി ബന്ധപ്പെട്ട ആഴമേറിയ വൈകാരിക വിഷയങ്ങള്‍ മതത്തിനും തന്ത്രികള്‍ക്കും വിടുന്നതാണ് നല്ലതെന്നായിരുന്നു അവരുടെ നിലപാട്.

വിധിയിലെ പ്രധാന പരാമര്‍ശങ്ങള്‍

  • പ്രത്യേക സമയങ്ങളില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെ തടയുന്ന കേരള ഹിന്ദു പൊതു ആരാധനാ സ്ഥല പ്രവേശന ചട്ടങ്ങളിലെ 3(ബി) വകുപ്പ് റദ്ദാക്കി
  • വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ്
  • ശാരീരികവും ജൈവികവുമായ പ്രത്യേകതകള്‍ വിവേചനത്തിന് കാരണമാകരുത്
  • ശബരിമലയിലെ അയ്യപ്പ ഭക്തന്‍മാരെ പ്രത്യേക ഗണമായി കാണാനാവില്ല
  • ഭരണഘടനയുടെ പാര്‍ട്ട്-III അനുശാസിക്കുന്ന മൗലികാവകാശങ്ങള്‍ സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് അനിവാര്യമാണെന്ന് ജസ്റ്റിസ് നരിമാന്‍
  • സ്ത്രീകളെ ശബരിമലയില്‍ അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനവും 21-ാം വകുപ്പിന്റെ ലംഘനവുമാണ്
  • 41 ദിവസത്തെ വൃതം സ്ത്രീകള്‍ക്ക് എടുക്കാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ല. സ്ത്രീകളെ ദുര്‍ബലരായി കാണുന്നതാണ് ഈ വാദമെന്നും ജസ്്റ്റിസ് നരിമാന്‍
  • മത നിയമങ്ങള്‍ വെച്ചുപുലര്‍ത്താന്‍ മതങ്ങള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഏതു രീതിയിലുള്ള മത നിയമങ്ങളും ഭരണഘടനയുമായി യോജിച്ചു പോകുന്നതായിരിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ്

ജീവശാസ്ത്രപരമായ കാരണത്താല്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പായ 14, മത,ജാതി,സ്ഥലം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനത്തെ തടയുന്ന വകുപ്പ് 15, തൊട്ടുകൂടായ്മയുടെ നിഷ്‌കാസനം ഉറപ്പാക്കുന്ന വകുപ്പ് 17 എന്നിവയുടെ ലംഘനമാണോ എന്ന പരിശോധനയായിരുന്നു പ്രധാനമായും ഭരണഘടനാ ബെഞ്ച് നടത്തിയത്.

ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എട്ടുദിവസത്തെ സുദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്കുശേഷം ഓഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധിപറയാന്‍ മാറ്റിയത്.

ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമപിന്‍ബലമേകുന്ന 1965-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശന) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2006-ല്‍ ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംഘടനകളും വ്യക്തികളും രണ്ട് അമിക്കസ് ക്യൂറിമാരും വാദമുന്നയിച്ചു. ദേവസ്വം ബോര്‍ഡ്, എന്‍.എസ്.എസ്., പന്തളം രാജകുടുംബം, പീപ്പിള്‍ ഫോര്‍ ധര്‍മ, ‘റെഡി ടു വെയ്റ്റ്’, അമിക്കസ് ക്യൂറി രാമമൂര്‍ത്തി തുടങ്ങിയവര്‍ നിലവിലെ സ്ഥിതി തുടരണമെന്ന് വാദിച്ചു. മുഖ്യഹര്‍ജിക്കാര്‍ക്കു പുറമേ അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍, ‘ഹാപ്പി ടു ബ്ലീഡ്’ സംഘടന തുടങ്ങിയവര്‍ സ്ത്രീപ്രവേശനത്തിനായി ശക്തമായി വാദിച്ചു.

സ്ത്രീപ്രവേശനത്തിന് അനുകൂലനിലപാടാണെന്ന് വ്യക്തമാക്കി 2007-ല്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍, ശബരിമലയില്‍ തത്സ്ഥിതി തുടരുന്നതിനെ അനുകൂലിച്ച് 2016-ല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. തുടര്‍ന്നുവന്ന ഇപ്പോഴത്തെ ഇടതുസര്‍ക്കാര്‍ ഈ സത്യവാങ്മൂലം പിന്‍വലിക്കുകയും ആദ്യത്തെ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

Sending
User Review
0 (0 votes)